Chirakodinja Kinavukal Review: Take The Risk If You Like To Experiment


അവിടെ കല്യാണത്തിന്റെ വാദ്യഘോഷങ്ങള്‍, ഇവിടെ പാലുകാച്ചല്‍. കല്യാണം- പാലുകാച്ചല്‍, കല്യാണം- പാലുകാച്ചല്‍, പാലുകാച്ചല്‍- കല്യാണം. അതിങ്ങനെ മാറ്റി മാറ്റി കാണിക്കണം..എങ്ങനെ?…
‘ചിറകൊടിഞ്ഞ കിനാക്കള്‍’ കണ്ടുനോക്കു. എങ്ങനെയാണു മാറ്റിമാറ്റി കാണിക്കുന്നത് എന്നു കാണാം. അവിടെ കല്യാണമണ്ഡപണത്തില്‍ സുമതിയുടെ കഴുത്തില്‍ താലിവീഴുമ്പോള്‍ കാച്ചിയ പാലില്‍ വിഷം(എന്‍ഡോസള്‍ഫാന്‍) ചേര്‍ത്തു തയ്യല്‍ക്കാരന്‍ പിടയുകയാണു കൂട്ടരേ, പിടയുകയാണ്…..നോവലിസ്റ്റ് എന്‍.പി. അംബുജാക്ഷന്‍ പണ്ട് ശങ്കര്‍ദാസിനോടു പറഞ്ഞ കഥ, നമ്മളും കേട്ട കഥ അങ്ങനെ വെള്ളിത്തിരയില്‍ അവതരിക്കുന്നതു കണ്ട് നമ്മള്‍ക്ക് ഊറിച്ചിരിക്കാം.
സ്പൂഫ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ‘ചിറകൊടിഞ്ഞ കിനാക്കളെപ്പറ്റി’ ഒറ്റ വാക്ക്; രസികന്‍ പടം. വെള്ളിമൂങ്ങയ്ക്കുശേഷം തിയറ്ററില്‍ പോയി തലകുത്തിമറിഞ്ഞു ചിരിച്ച ചിത്രം. നിയമപ്രകാരമൊന്നും അല്ലെങ്കിലും ഒരു മുന്നറിയിപ്പ് ആദ്യമേ തരാം; സംഗതി ആക്ഷേപഹാസ്യമാണെന്നുള്ള കൃത്യമായ ധാരണ ആദ്യം മുതലേ ഉണ്ടാകണം. അല്ലെങ്കില്‍ തിയറ്ററു കത്തിക്കാന്‍ തോന്നിയേക്കും. സിനിമയുടെ ലൈന്‍ എന്തെന്ന് ആദ്യമേ ഒരു ധാരണകിട്ടിയാല്‍ മനസുതുറന്നു ചിരിച്ചുലസിക്കാന്‍ പറ്റിയ പടമാണ് ‘ചിറകൊടിഞ്ഞ കിനാക്കള്‍’. സമര്‍ഥമായ രചന. അസാധാരണ വൈഭവമുള്ള അവതരണം. സര്‍വോപരി പക്കാ എന്റര്‍ടെയ്‌നര്‍. മലയാളസിനിമയുടെ ക്ലീഷേകളെ പൊളിച്ചടുക്കിക്കൊണ്ടു ശൂന്യതയില്‍ നിന്നു സൃഷ്ടിച്ചെടുക്കുന്ന ഒരു ഹാസ്യാവതരണം. ഭാവനയില്‍ പിറന്ന ഭാവന, അല്ലെങ്കില്‍ സിനിമ പ്രസവിച്ച സിനിമ; അങ്ങനെ വേണം ചിറകൊടിഞ്ഞ കിനാക്കളെ വിശേഷിപ്പിക്കാന്‍. സിനിമയ്ക്കു നേരെയാണു ചിറകൊടിഞ്ഞ കിനാക്കളുടെ കാമറയും തിരിച്ചുവച്ചിരിക്കുന്നത്.
ശ്രീനിവാസന്‍ തിരക്കഥയെഴുതി, കമല്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം അഴകിയ രാവണന്‍ 1994ല്‍ ആണ് റിലീസ് ചെയ്യുന്നത്. മലയാളസിനിമയെ പരിഹാസരൂപേണ സമീപിച്ച ആദ്യ ശ്രീനിവാസന്‍ രചനകളിലൊന്നാണ് ‘അഴകിയ രാവണന്‍’. ചിത്രം വലിയ ബോക്‌സ്ഓഫീസ് വിജയം അന്നു സ്വന്തമാക്കിയില്ലെങ്കിലും 19 വര്‍ഷം കഴിഞ്ഞിട്ടും ടെലിവിഷനില്‍ അഴകിയ രാവണനുള്ള ജനപ്രിയതയ്ക്കു കുറവുവന്നിട്ടില്ല. ശങ്കര്‍ദാസും എന്‍.പി. അംബുജാഷനും മാപ്രാണം കരയോഗത്തിന്റെ പ്രസിഡന്റുമൊക്കെ പിക്ചര്‍ കമന്റായും സോഷ്യല്‍ മീഡിയ ട്രോളുകളായും ഇന്നും നിത്യേന സജീവമാണ്. അതേ അംബുജാക്ഷനെ തായങ്കരിയില്‍ നിന്നിറക്കി,അംബുജാക്ഷന്‍ ശങ്കര്‍ദാസിനോടും സംവിധായകന്‍ ശരത്തിനോടും സിനിമയാക്കാന്‍ പറഞ്ഞ നോവല്‍ ‘ചിറകൊടിഞ്ഞ കിനാക്കളുമായി’ എറണാകുളത്തേക്കു പോകുന്നതാണു പുതിയ സിനിമയുടെ പ്ലോട്ട്. 19 വര്‍ഷത്തിനുശേഷം എന്‍.പി. അംബുജാക്ഷന്‍ ‘ചിറകൊടിഞ്ഞ കിനാക്കളെ’ ന്യൂജനറേഷന്‍ സിനിമയ്ക്കു പറ്റിയ പരുവത്തിലാക്കി വിഡ്ഢിയായ നിര്‍മാതാവിനോടും അതിലും പൊങ്ങനായ ന്യൂജനറേഷന്‍ സംവിധായകനോടും പറയാനാണ് എറണാകുളത്തേക്കുള്ള വരവ്. ഇനി പറയുന്നതു ശ്രദ്ധിക്കുക; ഈ കഥ പറച്ചില്‍ മാത്രമേ ഈ സിനിമയിലുള്ളു. പക്ഷേ അതെങ്ങനെ പറയുന്നുവെന്നതാണ് ചിറകൊടിഞ്ഞ കിനാക്കളെ ചിറകടിച്ചുയരുന്ന കിനാക്കളാക്കുന്നത്. അഴകിയ രാവണന്റെ അതേ ദൈര്‍ഘ്യമാണ് ചിറകൊടിഞ്ഞ കിനാക്കള്‍ക്കും, കൃത്യം രണ്ടുമണിക്കൂര്‍

0 comments: