പ്രേമം : നിരൂപണം

ഒരിക്കെലെങ്കിലും പ്രണയിക്കുകയോ, പ്രണയത്തിലായിരിക്കുന്നതോ ആയ ഒരാളാണോ നിങ്ങൾ? എങ്കിൽ ഈ സിനിമ നിങ്ങളിലേക്ക് ഇറങ്ങിവരും, തീർച്ച!. മൂന്ന് കാലഘട്ടങ്ങളുടെ പ്രണയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം നന്നായി തുടങ്ങി ഇടയ്ക്ക് ചെറുതായി ഇഴഞ്ഞ് നന്നായി തന്നെ അവസാനിക്കുന്നു.
നമ്മളെല്ലാം ഓർക്കാൻ ഇഷ്ടപ്പെടുന്ന സ്‌കൂൾ, കോളജ് കാലഘട്ടങ്ങളുടെ ഫ്രെയിമുകളിലൂടെയാണ് സിനിമയുടെ തുടക്കം. എസ്എംഎസും വാട്ട്‌സാപ്പുമൊക്കെ വരുന്നതിന് മുൻപ് നമ്മൾ ഇറക്കിയിരുന്ന ആദ്യ നമ്പറുകൾ…പ്രണയലേഖനം, ടെലിഫോൺ ബൂത്തിലെ ഫോൺ വിളി, സൈക്കിളിലുള്ള പുറകെ നടത്തം, കൊളേജ് റാഗിങ് ഇതെല്ലാം ഉൾപ്പെട്ട ആ നൊസ്റ്റാൾജിക് പ്രണയകാലം.
നിവിൻ പോളി അവതരിപ്പിക്കുന്ന ജോർജ് എന്ന കഥാപാത്രത്തിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. മേരി, മലർ, സെലിൻ ഈ മൂന്ന് പേരോടും ജോർജിന് പ്രണയമാണ് സോറി പ്രേമമാണ് ! പന്ത്രണ്ടാം ക്‌ളാസിൽവച്ചാണ് മേരിയോടുള്ള ജോർജിന്റെ പ്രേമം ആരംഭിക്കുന്നത്. ആദ്യ പ്രേമം അതിഗംഭീരമായി പരാജയപ്പെട്ട ശേഷം ജോർജ് പിന്നീട് കൊളേജ് ജീവിതത്തിലേക്ക് കടക്കുന്നു. അവിടെ അവനെ പ്രേമം മാടിവിളിക്കുന്നത് മലർ എന്ന അധ്യാപികയുടെ രൂപത്തിൽ. ആ പ്രേമം പൂവണിയുമോ? പിന്നെ എങ്ങനെയാണ് സെലിൻ ജോർജിന്റെ ജീവിതത്തിലെത്തുന്നത്. ഇതിനൊക്കെയുള്ള ഉത്തരമാണ് അൽഫോൻസ് പുത്രൻ പ്രേമത്തിലൂടെ പറയുന്നത്.
ജോർജായെത്തിയ നിവിൻ പോളി തന്റെ പതിവു തെറ്റിച്ചില്ല. മൂന്ന് കാലഘട്ടങ്ങളിലും അദ്ദേഹം മികച്ചു നിന്നു. കോളജ് കാലത്തെ മാസ് രംഗങ്ങളിലൊക്കെ നിവിൻ പൊളിച്ചു.ജോർജിന്റെ അടുത്ത കൂട്ടുകാരയ കോയയും, ശംഭുവുമാണ് ചിത്രത്തിൽ തിളങ്ങി നിൽക്കുന്ന മറ്റുരണ്ട് താരങ്ങൾ. ശംഭുവിനെ അവതരിപ്പിച്ചിരിക്കുന്നത് ശബരീഷ് വർമയാണ് ചിത്രത്തിൽ പാട്ടെഴുതിയും പാട്ടു പാടിയും അഭിനയിച്ചും ശബരീഷ് വരവറിയിച്ചു. നേരത്തിലെ പിസ്ത എന്ന ഗാനം എഴുതിയതും ആലപിച്ചതും ശബരീഷ് തന്നെയാണ്. കോരയെ അവതരിപ്പിച്ചിരിക്കുന്നത് നേരത്തിലെ മാണിക്കും.
premam1
പതിനേഴ് പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മേരി ജോർജ് ആയി എത്തിയ അനുപമ പരമേശ്വരൻ തന്റെ വേഷം ഭംഗിയാക്കി. മലർ എന്ന തമിഴ് പെൺകൊടിയായി സായി പല്ലവിയും മികച്ചുനിന്നു. ഒരേ ഒരു രംഗത്തിൽ മാത്രമാണ് എത്തുന്നതെങ്കിലും ഡേവിഡ് ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജി പണിക്കർ കൈയ്യടി നേടി. അധ്യാപകരായി എത്തിയ വിനയ് ഫോർട്ടും സൌബിൻ താഹിറും ചിരിപ്പിക്കും. നേരം ടീമിലെ മിക്ക അംഗങ്ങളെയും ചിത്രത്തിൽ ഉൾപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഡാൻസ് മാസ്റ്റർ ആയി എത്തിയ ജൂഡ് ആന്റണിയും അഭിനയ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല.
ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം പ്രേമത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. പറന്നുനടക്കാൻ പറ്റാത്ത പൂക്കളാണ് പൂമ്പാറ്റകളായി മാറുന്നതെന്ന് സിനിമ അവസാനിക്കുമ്പോൾ എഴുതി കാണിക്കുന്നുണ്ട്. സിനിമയിലുടനീളമുള്ള ഫ്രെയിമുകളിൽ പൂമ്പാറ്റകൾ വന്നുപോകുന്നതും അതിമനോഹരം. രാജേഷ് മുരുകേശ്വരൻ സംഗീതം പകർന്ന ആറുഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ദൃശ്യഭംഗി കൊണ്ടും സംഗീതം കൊണ്ടും ആലുവാപുഴയുടെ തീരം എന്ന ഗാനം കൂടുതൽ മനോഹരമായി തോന്നി. പശ്ചാത്തലസംഗീതവും സിനിമയോട് ഇഴചേർന്ന് നിൽക്കുന്നു.
സാങ്കേതികപരമായി ചിത്രം ഒരുപിടി മുന്നിൽ നിൽക്കുന്നു. കളർടോൺ, സിങ്ക്‌സൗണ്ട് , എഡിറ്റിങ് ഇതെല്ലാം സിനിമയുടെ മുതൽക്കൂട്ടാണ്. ഒരു ട്രെയിലറോ ടീസറോ ഇല്ലാതെ പുറത്തിറങ്ങിയ ചിത്രം പൂർണമായും ഒരു അൽഫോൻസ് പുത്രൻ ചിത്രമെന്ന് പറയേണ്ടി വരും. സംവിധാനത്തിന് പുറമെ കഥ, തിരക്കഥ, ചിത്രസംയോജനം ഇവയെല്ലാം നിർവഹിച്ചിരിക്കുന്നതും അൽഫോൻസ് തന്നെ.
premam
ആദ്യ ചിത്രമായ നേരത്തിൽ വ്യത്യസ്തമായൊരു മേക്കിങ് ആണ് പ്രേമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നേരത്തിൽ ചെറിയൊരു കഥാതന്തുവിനെ വളരെ ചുരുക്കി വേഗത്തിൽ അണിയിച്ചൊരുക്കിയെങ്കിൽ ഈ സിനിമയിൽ ആ വേഗത കാണാനാകില്ല. 2 മണിക്കൂർ 45 മിനിറ്റാണ് പ്രേമത്തിന്റെ ദൈർഘ്യം. ഇത്ര നീളത്തിൽ പറഞ്ഞു ഫലിപ്പിക്കേണ്ടതായ കാര്യങ്ങൾ ചിത്രത്തിൽ ഇല്ലായിരുന്നു. ആദ്യ പകുതി പ്രേക്ഷകരെ കൈയ്യിലെടുത്ത് മുന്നോട്ട് പോയപ്പോൾ രണ്ടാം പകുതി കുറച്ച് ഇഴഞ്ഞുനീങ്ങി. ഇവിടെ പോരായ്മയായി മാറിയതും ദൈർഘ്യം തന്നെയാണ്. കഥയില്ലായ്മയുണ്ടെങ്കിലും ‘പ്രേമം’ തലയ്ക്ക് പിടിച്ചാൽ പിന്നെ അതൊന്നും ആരും ശ്രദ്ധിക്കില്ലല്ലോ.
പ്രേമിക്കുന്നവർക്കും പ്രേമിക്കാനാഗ്രഹിക്കുന്നവർക്കും പ്രേമിച്ച് കഴിഞ്ഞവർക്കും പ്രേമം ധൈര്യമായി കാണാം. ചെറുപ്പക്കാർക്ക് പഴയ ഓർമകൾ അയവിറക്കാം, വളരുന്ന തലമുറയ്ക്ക് ഓൾഡ് ജനറേഷൻ നമ്പറുകൾ കണ്ട് പഠിക്കാം. ചുരുക്കത്തിൽ എല്ലാവർക്കുമല്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും ‘പ്രേമത്തെ’ പ്രേമിക്കാനാകും.

സാമ്രാജ്യം 2 റിലീസിനൊരുങ്ങുന്നു

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗം സണ്‍ ഓഫ് അലക്സാണ്ടര്‍ റിലീസിനൊരുങ്ങുന്നു. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്തതമിഴ് സംവിധായകനായ പേരരശ് ആണ്.
ചിത്രം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിന് ശേഷമാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രം ജൂണ്‍ 5നാണ് റിലീസ് ചെയ്യുന്നത്. ഗായത്രി ഫിലിംസിന്റെ ബാനറില്‍ അജ്മല്‍ ഹസ്സന്‍ ആണ് നിര്‍മാണം. ‍അഖന്‍ഷാ പുരിയാണ് നായിക. മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സാമ്രാജ്യത്തിന്റെ ക്ലൈമാക്‌സ് മമ്മൂട്ടി വെടിയേറ്റ് മരിക്കുന്നതാണ്. സിനിമയ്‌ക്കൊടുവില്‍ അലക്‌സാണ്ടര്‍ മരിക്കുമ്പോള്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രം അലക്‌സാണ്ടറുടെ മകനെയും കൊണ്ടു രക്ഷപ്പെടുകയാണ്. ആ മകന്‍ അച്ഛനെ കൊന്നവരോടു പ്രതികാരം ചെയ്യാന്‍ വരുന്നതാണ് പുതിയ ചിത്രത്തിന്റെ പ്രമേയം.

Sir C P Review | സര്‍ സി.പി നിരൂപണം

visit www.cineivisions.com for review

Sir C P Review

സര്‍ സി.പി നിരൂപണം
ജയറാം കറുത്ത കണ്ണട വച്ച് വെള്ളയും വെള്ളയും ഇട്ട് രാംരാജ് മുണ്ടിന്റെ പരസ്യം പോലെ നിൽക്കുന്നതു കാണുമ്പോഴേ ഇതു പഴയ തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമിയുടെ കഥയല്ല എന്നു മനസിലാക്കിയിട്ടുണ്ടാകുമല്ലോ.?. അപ്പോൾ ആ പേരു കേൾക്കുമ്പോൾ മനസിലുണ്ടാകുന്ന ഒരു തോന്നലുണ്ടല്ലോ, അതുപോലെതന്നെ ഒരു തട്ടിക്കൂട്ട് സിനിമയാണിത്. എങ്കിലും മാരകമായ കോമഡികളേ, ദ്വയാർഥങ്ങളോ, ട്വിസ്റ്റുകളോ ഒന്നുമില്ല. ഞെട്ടിപ്പിക്കുകയും പേടിപ്പിക്കുകയും ഒന്നും ചെയ്യാതെ നിർഗുണമായി അവസാനിക്കുന്നു. സംഭവം പഴയ ദേവാസുരം, ജയറാമിന്റെ തന്നെ കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ, നാടൻ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ സിനിമകളുടെ കൂട്ടിക്കുഴച്ചുള്ള മിക്‌സാണ്. കാര്യമായ തമാശയോ, കഥാസന്ദർഭങ്ങളോ ഇല്ല. ആദ്യഅരമണിക്കൂറിലെ ഒഴിവാക്കാമായിരുന്ന കുറച്ചുസീനുകളൊഴിച്ചാൽ മാന്യമായിത്തന്നെ പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
20 തവണ എസ്.എസ്.എൽ.സി. എഴുതിയിട്ടും ജയിക്കാനാവാത്ത സി.പി. കോളജ് എന്ന സ്വകാര്യകോളജിന്റെ പ്രിൻസിപ്പലായ ചെത്തിമറ്റത്ത് ഫിലിപ്പ് എന്ന സർ സി.പി.(ജയറാം)യുടെ പ്രശ്‌നങ്ങളാണു സിനിമ.(20 പ്രാവിശ്യം എഴുതിയിട്ടും എസ്.എസ്.എൽ.സി. ജയിച്ചില്ലാത്രേ…മൈ ഗോഡ്്! വിദ്യാഭ്യാസവകുപ്പ് അറിയേണ്ട, മുൻകാലപ്രാബല്യത്തോടെ ജയിപ്പിക്കുമെന്നു മാത്രമല്ല, 40 തവണ പാസാക്കുകയും ചെയ്യും.)ഫിലിപ്പും അയാളുടെ രണ്ട് അമ്മമാരും(അതൊരു സസ്‌പെൻസാണ്) ഇവർക്കിടയിലെ ഒരു വില്ലൻ കറിയാച്ചനും പിന്നെ നായകനോട് ഉടക്കാനുള്ള നായികയും ഒക്കെച്ചേർന്ന് ഒരു ദോശപുട്ട് ഇഡ്ഡലിയാണു സംഭവം. ഒരു സാദാ മലയാള കുടുംബപ്രതികാര സിനിമ. ചെത്തിമറ്റത്ത് എന്ന വിളിക്കുന്ന ആലപ്പുഴയിലെ ഒരു ക്രിസ്ത്യൻ തറവാടാണ് സിനിമയുടെ പശ്ചാത്തലം. അവിടുത്തെ രണ്ടുസ്ത്രീകൾ (രോഹിണിയും, സീമയും) എന്തോ ഫഌഷ്ബാക്ക് ഓർത്ത് ഇടയ്ക്കിടെ ഞെട്ടുന്നു. കറിയാച്ചൻ ( ഹരീഷ് പേരടി) എന്നുപേരുള്ള ഇവരുടെ എതിരാളിയായ ബിസിനിസുകാരൻ ഈ ഞെട്ടലിന്റെ പേരിൽ ഇവരെ ബ്ലാക്‌മെയിൽ ചെയ്യുന്നു. അതിനിടയ്ക്ക് ഇംഗ്‌ളീഷുകേട്ടാൽ ആരാധന തോന്നുന്ന സി.പി., ആലീസ് (ഹണിറോസ്) എന്ന ഇംഗ്‌ളീഷ് അറിയാവുന്ന പെൺകുട്ടിയെ തന്റെ കോളജിൽ പി.ആർ.ഒ. ആക്കുന്നു. കൊട്ടാരംവീട്ടിലെ അപ്പൂട്ടനിലും നാടൻപെണ്ണും പോലുള്ള രാജസേനൻ സിനിമകളിൽ കണ്ടിട്ടുള്ളപോലെ വിദ്യാഭ്യാസവും വിവരവുമില്ലാത്ത നായകനെ നായിക നേർവഴിക്കാക്കാൻ നോക്കി ഒരുവഴിക്കാക്കുന്നതാണു പിന്നീടുള്ള കാഴ്ച. നായകനായിക സംഘർഷത്തിൽനിന്നു ട്രാക്ക് മാറി സി.പിയുടെ യഥാർഥഭൂതകാലത്തിലേക്കു പോകുന്നതാണു പിന്നീടുള്ള ഭാഗങ്ങൾ.
ആദ്യ അരമണിക്കൂർ തട്ടുപൊളിപ്പൻ ജയറാമിയൻ പടങ്ങളുടെ മൂഡിലാണു പോകുന്നത്. ഈ തുടക്കവും അതിനൊപ്പമുള്ള വികൃതമായ വിവരണങ്ങളും ഒഴിവാക്കിയിരുന്നെങ്കിൽ സിനിമ തീർച്ചയായും കുറച്ചു മെച്ചപ്പെടുമായിരുന്നു. തിടുക്കപ്പെട്ടു പറഞ്ഞുതീർക്കുന്നുണ്ടെങ്കിലും രണ്ടാംപകുതി തരക്കേടില്ലാത്തതാണ്. പ്രത്യേകിച്ച് സി.പിയുടെ അമ്മമാരുടെ ഭൂതകാലം പറയുന്ന രംഗങ്ങൾ മികച്ചനിലയിൽ, തീവ്രതയോടെ അവതരിപ്പിച്ചിട്ടുണ്ട്.ഏറ്റവും വലിയ ആശ്വാസം ജയറാമിന്റെ പ്രകടനമാണ്. കഴിഞ്ഞ കുറേ സിനിമകളായി കാലഹരണപ്പെട്ട മിമിക്രി വേഷങ്ങളായിരുന്നു ജയറാമിന്റെ സിനിമകളെ ഭരിച്ചിരുന്നതെങ്കിൽ സി.പി. എന്ന പതിവുവേഷം അതർഹിക്കുന്ന മാന്യതയോടെ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. പതിവു ഞെട്ടലില്ല, സഹതാരത്തെ അപഹസിക്കുന്ന അശഌലമില്ല, നടൻ കഥാപാത്രമായിത്തന്നെ സിനിമയിൽ നിൽക്കുന്നു. ഹണിറോസ് പതിവുപോലെ ഹണിറോസായി. തന്നെ ദ്രോഹിക്കുന്ന വിവരദോഷിയായ നായകനോടു വിദ്വേഷമാണെങ്കിലും പ്രത്യേകിച്ചു പ്രകോപനം ഒന്നുംകൂടാതെ പ്രണയിക്കാൻ നിർബന്ധിതയാകുന്ന നായികയായി ഹണി റോസിന് ഒന്നും ചെയ്യാനുമില്ല.
സീനിയർ നടിമാരായ രോഹിണിയും സീമയും തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കിയിട്ടുണ്ട്. ഹരീഷ് പേരടി, വിജയരാഘവൻ, സുധീർ കരമന എന്നിവരാണു മറ്റുശ്രദ്ധേയവേഷങ്ങൾ ചെയ്യുന്നത്.രജപുത്രൻ എന്ന സുരേഷ്‌ഗോപി സിനിമയിലൂടെ 18 വർഷം മുമ്പ് സ്വതന്ത്രസംവിധായകനായതാണ് ഷാജൂൺ കര്യാൽ. ഗൗരവതരമായി സിനിമകളെ സമീപിക്കുന്ന ശൈലി ഷാജൂണിന്റെ സംവിധാനത്തിലുണ്ടെങ്കിലും കാഴ്ചക്കാരനോടു മികച്ച രീതിയിൽ സംവദിക്കാൻ പറ്റിയ സ്‌ക്രിപ്റ്റ് ഇദ്ദേഹത്തിന്റെ ഇതുവരെയുള്ള ഒരുചിത്രത്തിനുപോലുമുണ്ടായി എന്നുതോന്നിയിട്ടില്ല. കുഴഞ്ഞുമറിഞ്ഞ തിരക്കഥകൾ എഴുതുന്ന എസ്. സുരേഷ്ബാബുവാണ് ഇക്കുറി കൂട്ട്. ആവർത്തനവിരസവും ദുർബലവുമായ പ്ലോട്ടിലാണു തിരക്കഥയൊരുക്കിയിരിക്കുന്നതും. ചില നല്ല മുഹൂർത്തങ്ങളൊഴിച്ചാൽ എന്താണു പറയേണ്ടത് എന്നു വ്യക്തമായ ധാരണയില്ലാത്തതാണു സി.പിയുടെ സ്‌ക്രിപ്റ്റ്. പറയാൻ ഉദ്ദേശിച്ച രീതിയിലല്ല സിനിമ പൂർത്തിയാക്കിയത് എന്നുതോന്നിപ്പിക്കുന്ന തരത്തിൽ പലപല മിസിംഗുകളുണ്ട് അവതരണത്തിൽ. തുടക്കം ഒരു പാരലൽ കോളജ് നടത്തിപ്പിലെ തട്ടിപ്പുകളും പ്രശ്‌നങ്ങളുമാണ്, പിന്നെയതു വിദ്യാഭ്യാസമുള്ള നായികയും അതില്ലാത്ത നായകനും തമ്മിലുള്ളതാകും, അതിനിടയ്ക്കു വള്ളം കളി വരും, പിന്നെ കുടിപ്പകയും പ്രതികാരവുമാകും. അതാണു പറഞ്ഞത് ദോശയാണോ പുട്ടാണോ ഇഡ്ഡലിയാണോ എന്നു തിരിച്ചറിയാനാവാത്ത ദോശ പുട്ട് ഇഡ്ഡലിയാണ് സി.പി. എന്ന്. കുട്ടനാടിനെ ഒരിക്കൽകൂടി മനോഹരമാക്കി വെള്ളിത്തിരയിൽ കാണിക്കാൻ അഴഗപ്പന്റെ കാമറയ്ക്കു കഴിഞ്ഞിട്ടുണ്ട്. പതിവും പാട്ടും ഡാൻസും നടത്തി വെറുപ്പിച്ചിട്ടില്ല. ഒറ്റപ്പാട്ടേയുള്ള സിനിമയിൽ..ഇങ്ങനെ മറ്റുചില ഗുണങ്ങൾ കൂടിയുണ്ട് എന്നു പറയേണ്ടതുണ്ട്.
അവസാനവാക്ക്: ഇത്തരം സിനിമകൾ മുമ്പ് ഇറങ്ങിയിട്ടില്ലായിരുന്നുവെങ്കിൽ കണ്ടിരിക്കാമായിരുന്നു. മറ്റ് സാധ്യതകളില്ലെങ്കിൽ സമയം മെനക്കെടുത്താം.

lailaa o lailaa review

lailaa o lailaa review
സലാം കാശ്മീർ, ലോക്പാൽ, അവതാരം എന്നീ മലയാളസിനിമാ’അത്ഭുതങ്ങൾ’ക്കുശേഷം സൂപ്പർമെഗാജിഗാ സംവിധായകൻ ജോഷീയൊരുക്കുന്ന ചാരക്കഥയിലൊരു പ്രേമക്കഥയാണ് ‘ലൈല ഓ ലൈല’.ആദ്യപകുതി ഇക്കിളിയാണ്. ബാക്കി പകുതി വെകിളിയും. രണ്ടുകൂടി കൂട്ടിയാൽ 168 മിനിട്ടുണ്ട്. അതായത് രണ്ടേമുക്കാൽ മണിക്കൂറിനുമുകളിൽ. ഇത്രയും നേരം ഗോപിസുന്ദർ ആശാന്റെ ഡോൾബി അറ്റ്‌മോസ് തായമ്പകയാണു തിയറ്ററിനുള്ളിൽ മുറുകുന്നത്. ഇതുകേട്ടു ചെവി അടിച്ചുപോകാത്തവർക്കു സ്‌ത്രോത്രംപറഞ്ഞുകൊണ്ട് സിനിമയെ ഒറ്റവാക്കിൽ നിരൂപിക്കാംചവർ.
ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിന്റെ ലോകഹിറ്റ് ട്രൂ ലൈസ് സ്‌പെഷൽ ഏജന്റുമാരുടെ ജീവിതം രസകരമായി പറഞ്ഞ ക്ലാസിക് വാണിജ്യസിനിമയാണ്. അതിന്റെയൊരു വികലാനുകരണമായി വരും നമ്മുടെ ലൈല. നമ്മുടെ നായകൻ ജയ്‌മോഹൻ( മോഹൻലാൽ)ഏജന്റാണ്(എൽ.ഐ.സി. ഏജന്റാണോ എന്നു ഭാര്യ അഞ്ജലി( അമലാ പോൾ) ചോദിക്കുന്നുണ്ട്.)
ട്രൂലൈസിലെ അർണോൾഡ് ഷ്വാസ്‌നൈഗറെപ്പോലെ ജോലിയും വിശദാംശങ്ങളും ഭാര്യയോടു പോലും പറയാനാവാതെ വീർപ്പുമുട്ടുന്ന ഒരു പാവം തീവ്രവാദവേട്ടക്കാരനാണു നമ്മുടെ ചേട്ടൻ. വേട്ടകാരണം ഒരു ഭാര്യ(രമ്യ നമ്പീശൻ) പിണങ്ങിപ്പോയി. തീവ്രവാദിയെപ്പിടിക്കാൻ പോയതുകൊണ്ടു രണ്ടാം കല്യാണത്തിനു സമയത്തെത്താൻ പോലും കഴിയുന്നില്ല.
അങ്ങനെ കഷ്ടപ്പെട്ടു രാജ്യത്തെ സേവിച്ചുകൊണ്ടിരിക്കുന്ന ജയ്‌മോഹൻ ബി.എം.ഡബ്ല്യൂ കാറിലാണു സഞ്ചരിക്കുന്നത്. ഡിക്കി തുറന്നുനോക്കിയാൽ ഞെട്ടിപ്പോകും. പിസ്റ്റളും സ്‌റ്റെൻഗണ്ണുകളും ഇങ്ങനെ അടുക്കിവച്ചിരിക്കുകയാണ്. ഒരു എക്‌സ്‌പോർട്ട് സ്ഥാപനമാണ് ഈ സ്‌പെഷൽ ഏജന്റ് കളിക്കുള്ള മറ. അതിനകത്തു കുറേ എൽ.ഇ.ഡി. ടിവികൾ ഇങ്ങനെ നിരത്തിവച്ചിട്ടുണ്ട്. (ചുമ്മാതെ ഒരു ഹോളിവുഡ് ആംബിയൻസൊക്കെ വേണ്ടെന്നേ..)ഷാഹിദ് കപൂർ(സത്യരാജ്) എന്ന തമിഴൻ ബോസാണ് ഇന്റലിജന്റ് ഏജൻസിയുടെ തലവൻ. സ്വന്തം കല്യാണത്തിനുപോലും സമയത്തിനു പോകാതെ നമ്മുടെ ഏജന്റ് പിടിച്ചുകൊണ്ടുവരുന്ന കൊടുംകുറ്റവാളി റാണയെ(രാഹുൽബോസ്) പാർപ്പിച്ചിരിക്കുന്നത് ബംഗളുരു നഗരത്തിന് നടുക്കുള്ള ഈ എക്‌സ്‌പോർട്ടിംഗ് ഓഫീസിലാണ്. ഈ റാണയുടെ ഉദ്ദേശമെന്താണെന്ന് അറിയാൻ വേണ്ടി ചോദ്യം ചെയ്യലാണ് ജയ്‌മോഹന്റെ പരിപാടി. അതിനിടയ്ക്കു ഭാര്യ പച്ചക്കറി വാങ്ങാൻ പറയും, ഡിന്നറിനെന്താ വേണ്ടത് എന്നുചോദിക്കും, വൈകിട്ടുവീട്ടിലെത്തുമ്പോൾ കോട്ട് മണത്തുനോക്കി ലേഡീസ് പെർഫ്യൂം കണ്ടുപിടിച്ച് ചോദ്യം ചെയ്യും. എന്തെല്ലാം കഷ്ടപ്പാടാണ് ഈ ഏജന്റുമാർക്ക്. സിനിമയുടെ ആദ്യഒന്നരമണിക്കൂർ ഇങ്ങനെയാണു പോകുന്നത്. ഇത്രയും കഥ പറഞ്ഞിട്ടും ലൈല ആരാണെന്നു മനസിലായില്ലല്ലോ. അതാണു ലൈല.
ഡെന്നീസ് ജോസഫും ലോഹിതദാസും പത്മരാജനും രൺജിപണിക്കറും രഞ്ജൻ പ്രമോദും മുതൽ സച്ചി സേതു വരെ നീണ്ടുനിൽക്കുന്ന തിരക്കഥാകൃത്തുക്കളുടെ വിവിധ തലമുറകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ഇന്നു മലയാള വാണിജ്യസിനിമയിലെ ഏറ്റവും അനുഭവസമ്പത്തേറിയ(?) സംവിധായകൻ ജോഷി. നല്ല രചയിതാക്കളുടെ കൂടെ നല്ല എന്റർടെയ്‌നറുകൾ സൃഷ്ടിച്ചിട്ടുമുണ്ട് ജോഷി. എന്നാൽ കഴിഞ്ഞകുറേ തവണകളായി ജോഷി സിനിമകൾ മനുഷ്യന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നവ മാത്രമല്ല, ബോറടിപ്പിച്ചു കൊല്ലുന്നവയുമാണ്. ഉദയ്കൃഷ്ണസിബി കെ. തോമസ്, സച്ചിസേതു ജോഡികളുടെ തിരക്കഥയുമായി ജോഷിയൊരുക്കിയ സിനിമകൾ സാങ്കേതികമികവിനപ്പുറം ഒന്നുമല്ലാത്ത നാലാം കിട ഉൽപന്നങ്ങളാണ്. ‘റൺ ബേബി റൺ’ തരക്കേടില്ലാത്ത എന്റർടെയ്‌നറായിരുന്നു എന്നതു മറക്കുന്നില്ല.
എന്നാൽ പ്രേക്ഷകനോടുള്ള വെട്ടറൻ സംവിധായകന്റെ കാഴ്ചപ്പാട് ‘സൈന്യം’ ഇറങ്ങിയ 1994ൽനിന്ന് ഒട്ടും മുന്നോട്ടുപോയിട്ടില്ല. (സൈനികപ്രോജക്ടിന്റെ ഗവേഷണം നടക്കുമ്പോൾ വഴിയേ കാണുന്ന പെൺകുട്ടിയെ ക്വാർട്ടേഴ്‌സിൽ ഒളിപ്പിച്ചുതാമസിപ്പിക്കുന്ന പട്ടാള ഓഫീസറുടെ ത്യാഗോജ്ജ്വലകഥയാണല്ലോ സൈന്യം. കാഴ്ക്കാർക്ക് ഇന്നും അതേ ബുദ്ധിയാണെന്നാവും ജോഷിയാശാൻ ധരിച്ചുവച്ചിരിക്കുന്നത്.)
കഹാനി പോലുള്ള ബോളിവുഡ് സിനിമകൾക്കു തിരക്കഥയെഴുതിയ മലയാളി സുരേഷ് നായരാണു ലൈലാ ഓ ലൈലയുടെ രചന. സത്യം പറയണമല്ലോ, ഉദയ്കൃഷ്ണയുംസിബി കെ. തോമസും സച്ചിസേതുവും കൂടി ഒന്നിച്ചെഴുതിയ പോലുണ്ട്. പരാമറും പാഷാണവും കൂട്ടിക്കലർത്തിയപോലെ. ഇതൊക്കെ കാണുമ്പോഴാണ് ഉദയ്സിബി ഒക്കെ എത്ര ഉയരത്തിലായിരുന്നുവെന്നു നാം തിരിച്ചറിയുന്നത്. മാപ്പുതരിക, മഹാത്മാക്കളേ മാപ്പുതരിക.റൺ ബേബി റണ്ണിന്റെ ഹിറ്റാക്കിയ മോഹൻലാൽഅമലാപോൾ ജോഡികളുടെ കെമിസ്ട്രി ആവർത്തിക്കുമെന്നായിരുന്നല്ലോ റിലീസിനുമുമ്പുള്ള ഗിമ്മിക്കുകളൊക്കെ. കെമിസ്ട്രിയും വന്നില്ല, ഫിസിക്‌സും വന്നില്ല, കുറേ വളിച്ച ‘ബയോളജി’ മാത്രമാണു വന്നത്. ഒരു പാതിരാപ്പടം കാണുന്നപോലിരിക്കും പലരംഗങ്ങളും. ആകെയൊരു കുളിര്.മോഹൻലാലാവട്ടെ തീരെ താൽപര്യമില്ലാത്ത മട്ടിലാണ് ഈ ഇന്റലിജൻസ് കൂടിയ ഏജന്റിനെഅവതരിപ്പിച്ചിരിക്കുന്നത്. ലാലിന്റെ ശരീരഭാഷ അമ്പേ നിരാശപ്പെടുത്തുന്നു. വഷളൻ തമാശകൾ പറയാനുള്ള താളം മാത്രമേ താരത്തിനുള്ളു. നിലവാരമില്ലാത്ത സംഭാഷണങ്ങൾ കൂടിയായപ്പോൾ ലാലിന്റെ കഥാപാത്രം പണ്ടത്തെ നിഴലിലെവിടെയോ ഒളിച്ചു. മലയാളത്തിൽ കുറേയൊക്കെ മെച്ചപ്പെട്ട വേഷങ്ങൾ ലഭിച്ചിട്ടുള്ള നടിയാണ് അമലാപോൾ.റൺ ബേബി റണ്ണിൽ അവരുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. എന്നാൽ ഇതുവെറും വേഷംകെട്ടായിപ്പോയി. ഭർത്താവു ജോലിക്കുപോകുമ്പോൾ ഷർട്ട് ഇസ്തിരിയിട്ടുകൊടുക്കണമെന്നും ഭക്ഷണം പാചകം ചെയ്തുകൊടുക്കണമെന്നും മാത്രം ആഗ്രഹിച്ചുജീവിക്കുന്ന ഒരു പാവം പണക്കാരിയാണു അമല അവതരിപ്പിക്കുന്ന അഞ്ജലി. സീരിയലുകളിൽ മാത്രം കാണുന്ന അപൂർവജീവിയാണ്.
ഒരു സംശയം, ഈ സുരേഷ് നായർ ശരിക്കും മലയാളി തന്നെയാണോ?. ) നായികയുടെ അച്ഛൻ പതിവുപോലെ ജോയ്മാത്യൂവാണ്. അങ്ങേര് ഈ വേഷത്തിലേ അഭിനയിക്കൂ എന്നുവല്ല ശപഥവുമെടുത്തിട്ടുണ്ടോ ആവോ..തമിഴ്‌നടൻ സത്യരാജിനാണു മറ്റൊരു പ്രധാനറോൾ. അടുത്തിടെയിറങ്ങിയ ഹിന്ദിചിത്രം ‘ബേബി’യിൽ ഡാനി ഡെൻസൊങ്പാ ചെയ്തതുപോലൊരു വേഷമാണ് സത്യരാജിന്. പക്ഷേ വെറും കോമാളിക്കൂത്തായി. മുംബൈ ഭീകാരാക്രമണത്തിനുശേഷമുള്ള അണ്ടർകവർ തീവ്രവാദവേട്ടയുടെ കഥ പറയുന്ന സിനിമയാണ് നീരജ് പാണ്ഡേയുടെ ബേബി. ലൈലാ ഓ ലൈലയും അതേപാതയിലാണ്. അവിശ്വസനീയതകളേറെയുണ്ടെങ്കിലും ജോഷി ആ സിനിമകളൊക്കെ ഒന്നു കാണുന്നത് നല്ലതായിരിക്കാം. അല്ലെങ്കിൽ തീവ്രവാദ കോമഡി കണ്ടു ജനത്തിന്റെ സമനില തെറ്റും. പാക് ഭീകരരെക്കുറിച്ച് സലാംകാശ്മീർ എന്നൊരു രാജ്യാന്തരസിനിമയൊരുക്കി ജോഷിസാർ കഴിഞ്ഞവർഷം ഒന്നുകോരിത്തരിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ലൈല എന്നുവേണമെങ്കിൽ പറയാം. ക്ലീഷേകളുടെ പൂരപ്പറമ്പാണു ലൈല ഓ ലൈല. (ഇനി ക്ലീഷേകളെ കളിയാക്കിയ ചിറകൊടിഞ്ഞ കിനാക്കളെ പരിഹസിച്ച റിവേഴ്‌സ് സ്പൂഫ് എങ്ങാനുമാണോ സംഭവമെന്നറിയില്ല) പതിവുപോലെ വില്ലന്റെ മെയിലിന്റെ പാസ്‌വേഡ് നായകൻ കണ്ടെത്തും. ക്ലൈമാക്‌സിൽ നായികയെ ബന്ധിപ്പിച്ച ബോംബിന്റെ വയർ കൃത്യമായി മുറിക്കും.(അല്ലെങ്കിലും ലാലേട്ടൻ ബോംബിന്റെ വയറു മുറിക്കാൻ മിടുക്കനാണ് എന്ന് ആർക്കാണ് അറിയാത്തത്, വന്ദനത്തിൽ തുടങ്ങിയതാണു ലാലേട്ടന്റെ ബോംബ് ഡിഫ്യൂസിംഗ്, ലാലേട്ടൻ വയർ മുറിക്കുന്നതുകണ്ട് അമലാപോൾ അല്ലാതെ ആരെങ്കിലും ടെൻഷനടിക്കുമോ)വില്ലനാകട്ടെ സിനിമയിലെ നിയമങ്ങളെല്ലാം പാലിക്കുന്ന പാവമാണ്. നായകനെ വെടിവയ്ക്കുന്നതിനുമുമ്പു അനങ്ങരുതെന്നു പറയും. ആ സമയം നോക്കി നായകൻ വെടിവയ്ക്കും. ക്ലൈമാക്‌സിനു ഗോഡൗൺ കിട്ടാഞ്ഞിട്ടാണോ എന്നറിയില്ല, ഗോഡൗൺ പോലെ തോന്നിക്കുന്ന ബംഗളുരുവിലെ ഇൻഡ്ട്രിയൽ എരിയ ആണ് ഇക്കുറി ക്ലൈമാക്‌സ് വേദി. പേനാക്കത്തി മുതൽ റോക്കറ്റ് ലോഞ്ചർവരെയുള്ള ആയുധങ്ങൾ വച്ചുപേടിപ്പിക്കുന്നുണ്ടെങ്കിലും ക്ലൈമാക്‌സ് ചടുലമാണ്്. ലോകനാഥന്റെ കാമറയും കലക്കി. ഗാനങ്ങൾ കൂടിയൊരുക്കിയ ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതത്തെക്കുറിച്ചു പറയേണ്ടതില്ല, കർണകഠോരം. ഏറ്റവും അസഹനീയം സിനിമയുടെ ദൈർഘ്യമാണ്. രണ്ടേമുക്കാൽ മണിക്കൂർ. നിസംശയം വെട്ടിക്കളയാവുന്ന മുക്കാൽമണിക്കൂർ സിനിമയിലുണ്ട്. സിനിമ അൽപമെങ്കിലും എൻഗേജ് ചെയ്യിക്കുന്നത് ഇന്റർവെല്ലിനു മുമ്പും ക്ലൈമാക്‌സിലും മാത്രമാണ്. ആക്ഷൻ രംഗങ്ങൾ മികവോടെ ചെയ്തിട്ടുണ്ട്.
കുറ്റാന്വേഷണകുടുംബകഥ എന്ന പുതിയ ഫോർമുല സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ഇഴഞ്ഞുനീങ്ങുന്ന രംഗങ്ങളാണ് സിനിമയെ ഒരു പീഡാനുഭവമാക്കുന്നത്. ട്വിസ്‌റ്റൊന്നും കാണിച്ചു ഞെട്ടിക്കാൻ ശ്രമിക്കുന്നില്ല, അത്രയും ആശ്വാസം. ടൈറ്റിൽ കഥാപാത്രമായ ലൈലയെക്കുറിച്ച് ഒരുവാക്ക്. വില്ലന്റെ കാമുകിയാണ് ലൈല. ലൈലയായി എത്തുന്ന ബോളിവുഡ് നടി കൈനത്ത് അറോറ ഇക്കിളി പടത്തിൽ കാണുന്ന മാതിരി സീൽക്കാരങ്ങളുമൊക്കെയായി ആകെയങ്ങ് വഷളാക്കിയിട്ടുണ്ട്.ഐസ്‌കട്ടയിൽ പെയിന്റടിച്ചതുപോലെങ്കിലും സാങ്കേതികമികവു പതിവുപോലെ ജോഷിചിത്രങ്ങളുടെ നിലവാരം പുലർത്തിയിട്ടുണ്ട്.
അവസാനവാക്ക്: ജോഷി വീണ്ടും ചതിച്ചാശാനേ!
Critic Rating :
www.cinevisions.com

Laila O Laila Review Malayalam Movie




Chirakodinja Kinavukal Review: Take The Risk If You Like To Experiment


അവിടെ കല്യാണത്തിന്റെ വാദ്യഘോഷങ്ങള്‍, ഇവിടെ പാലുകാച്ചല്‍. കല്യാണം- പാലുകാച്ചല്‍, കല്യാണം- പാലുകാച്ചല്‍, പാലുകാച്ചല്‍- കല്യാണം. അതിങ്ങനെ മാറ്റി മാറ്റി കാണിക്കണം..എങ്ങനെ?…
‘ചിറകൊടിഞ്ഞ കിനാക്കള്‍’ കണ്ടുനോക്കു. എങ്ങനെയാണു മാറ്റിമാറ്റി കാണിക്കുന്നത് എന്നു കാണാം. അവിടെ കല്യാണമണ്ഡപണത്തില്‍ സുമതിയുടെ കഴുത്തില്‍ താലിവീഴുമ്പോള്‍ കാച്ചിയ പാലില്‍ വിഷം(എന്‍ഡോസള്‍ഫാന്‍) ചേര്‍ത്തു തയ്യല്‍ക്കാരന്‍ പിടയുകയാണു കൂട്ടരേ, പിടയുകയാണ്…..നോവലിസ്റ്റ് എന്‍.പി. അംബുജാക്ഷന്‍ പണ്ട് ശങ്കര്‍ദാസിനോടു പറഞ്ഞ കഥ, നമ്മളും കേട്ട കഥ അങ്ങനെ വെള്ളിത്തിരയില്‍ അവതരിക്കുന്നതു കണ്ട് നമ്മള്‍ക്ക് ഊറിച്ചിരിക്കാം.
സ്പൂഫ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ‘ചിറകൊടിഞ്ഞ കിനാക്കളെപ്പറ്റി’ ഒറ്റ വാക്ക്; രസികന്‍ പടം. വെള്ളിമൂങ്ങയ്ക്കുശേഷം തിയറ്ററില്‍ പോയി തലകുത്തിമറിഞ്ഞു ചിരിച്ച ചിത്രം. നിയമപ്രകാരമൊന്നും അല്ലെങ്കിലും ഒരു മുന്നറിയിപ്പ് ആദ്യമേ തരാം; സംഗതി ആക്ഷേപഹാസ്യമാണെന്നുള്ള കൃത്യമായ ധാരണ ആദ്യം മുതലേ ഉണ്ടാകണം. അല്ലെങ്കില്‍ തിയറ്ററു കത്തിക്കാന്‍ തോന്നിയേക്കും. സിനിമയുടെ ലൈന്‍ എന്തെന്ന് ആദ്യമേ ഒരു ധാരണകിട്ടിയാല്‍ മനസുതുറന്നു ചിരിച്ചുലസിക്കാന്‍ പറ്റിയ പടമാണ് ‘ചിറകൊടിഞ്ഞ കിനാക്കള്‍’. സമര്‍ഥമായ രചന. അസാധാരണ വൈഭവമുള്ള അവതരണം. സര്‍വോപരി പക്കാ എന്റര്‍ടെയ്‌നര്‍. മലയാളസിനിമയുടെ ക്ലീഷേകളെ പൊളിച്ചടുക്കിക്കൊണ്ടു ശൂന്യതയില്‍ നിന്നു സൃഷ്ടിച്ചെടുക്കുന്ന ഒരു ഹാസ്യാവതരണം. ഭാവനയില്‍ പിറന്ന ഭാവന, അല്ലെങ്കില്‍ സിനിമ പ്രസവിച്ച സിനിമ; അങ്ങനെ വേണം ചിറകൊടിഞ്ഞ കിനാക്കളെ വിശേഷിപ്പിക്കാന്‍. സിനിമയ്ക്കു നേരെയാണു ചിറകൊടിഞ്ഞ കിനാക്കളുടെ കാമറയും തിരിച്ചുവച്ചിരിക്കുന്നത്.
ശ്രീനിവാസന്‍ തിരക്കഥയെഴുതി, കമല്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം അഴകിയ രാവണന്‍ 1994ല്‍ ആണ് റിലീസ് ചെയ്യുന്നത്. മലയാളസിനിമയെ പരിഹാസരൂപേണ സമീപിച്ച ആദ്യ ശ്രീനിവാസന്‍ രചനകളിലൊന്നാണ് ‘അഴകിയ രാവണന്‍’. ചിത്രം വലിയ ബോക്‌സ്ഓഫീസ് വിജയം അന്നു സ്വന്തമാക്കിയില്ലെങ്കിലും 19 വര്‍ഷം കഴിഞ്ഞിട്ടും ടെലിവിഷനില്‍ അഴകിയ രാവണനുള്ള ജനപ്രിയതയ്ക്കു കുറവുവന്നിട്ടില്ല. ശങ്കര്‍ദാസും എന്‍.പി. അംബുജാഷനും മാപ്രാണം കരയോഗത്തിന്റെ പ്രസിഡന്റുമൊക്കെ പിക്ചര്‍ കമന്റായും സോഷ്യല്‍ മീഡിയ ട്രോളുകളായും ഇന്നും നിത്യേന സജീവമാണ്. അതേ അംബുജാക്ഷനെ തായങ്കരിയില്‍ നിന്നിറക്കി,അംബുജാക്ഷന്‍ ശങ്കര്‍ദാസിനോടും സംവിധായകന്‍ ശരത്തിനോടും സിനിമയാക്കാന്‍ പറഞ്ഞ നോവല്‍ ‘ചിറകൊടിഞ്ഞ കിനാക്കളുമായി’ എറണാകുളത്തേക്കു പോകുന്നതാണു പുതിയ സിനിമയുടെ പ്ലോട്ട്. 19 വര്‍ഷത്തിനുശേഷം എന്‍.പി. അംബുജാക്ഷന്‍ ‘ചിറകൊടിഞ്ഞ കിനാക്കളെ’ ന്യൂജനറേഷന്‍ സിനിമയ്ക്കു പറ്റിയ പരുവത്തിലാക്കി വിഡ്ഢിയായ നിര്‍മാതാവിനോടും അതിലും പൊങ്ങനായ ന്യൂജനറേഷന്‍ സംവിധായകനോടും പറയാനാണ് എറണാകുളത്തേക്കുള്ള വരവ്. ഇനി പറയുന്നതു ശ്രദ്ധിക്കുക; ഈ കഥ പറച്ചില്‍ മാത്രമേ ഈ സിനിമയിലുള്ളു. പക്ഷേ അതെങ്ങനെ പറയുന്നുവെന്നതാണ് ചിറകൊടിഞ്ഞ കിനാക്കളെ ചിറകടിച്ചുയരുന്ന കിനാക്കളാക്കുന്നത്. അഴകിയ രാവണന്റെ അതേ ദൈര്‍ഘ്യമാണ് ചിറകൊടിഞ്ഞ കിനാക്കള്‍ക്കും, കൃത്യം രണ്ടുമണിക്കൂര്‍

CHANDRETTAN EVIDEYA - REVIEW