Sir C P Review | സര്‍ സി.പി നിരൂപണം

visit www.cineivisions.com for review

Sir C P Review

സര്‍ സി.പി നിരൂപണം
ജയറാം കറുത്ത കണ്ണട വച്ച് വെള്ളയും വെള്ളയും ഇട്ട് രാംരാജ് മുണ്ടിന്റെ പരസ്യം പോലെ നിൽക്കുന്നതു കാണുമ്പോഴേ ഇതു പഴയ തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമിയുടെ കഥയല്ല എന്നു മനസിലാക്കിയിട്ടുണ്ടാകുമല്ലോ.?. അപ്പോൾ ആ പേരു കേൾക്കുമ്പോൾ മനസിലുണ്ടാകുന്ന ഒരു തോന്നലുണ്ടല്ലോ, അതുപോലെതന്നെ ഒരു തട്ടിക്കൂട്ട് സിനിമയാണിത്. എങ്കിലും മാരകമായ കോമഡികളേ, ദ്വയാർഥങ്ങളോ, ട്വിസ്റ്റുകളോ ഒന്നുമില്ല. ഞെട്ടിപ്പിക്കുകയും പേടിപ്പിക്കുകയും ഒന്നും ചെയ്യാതെ നിർഗുണമായി അവസാനിക്കുന്നു. സംഭവം പഴയ ദേവാസുരം, ജയറാമിന്റെ തന്നെ കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ, നാടൻ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ സിനിമകളുടെ കൂട്ടിക്കുഴച്ചുള്ള മിക്‌സാണ്. കാര്യമായ തമാശയോ, കഥാസന്ദർഭങ്ങളോ ഇല്ല. ആദ്യഅരമണിക്കൂറിലെ ഒഴിവാക്കാമായിരുന്ന കുറച്ചുസീനുകളൊഴിച്ചാൽ മാന്യമായിത്തന്നെ പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
20 തവണ എസ്.എസ്.എൽ.സി. എഴുതിയിട്ടും ജയിക്കാനാവാത്ത സി.പി. കോളജ് എന്ന സ്വകാര്യകോളജിന്റെ പ്രിൻസിപ്പലായ ചെത്തിമറ്റത്ത് ഫിലിപ്പ് എന്ന സർ സി.പി.(ജയറാം)യുടെ പ്രശ്‌നങ്ങളാണു സിനിമ.(20 പ്രാവിശ്യം എഴുതിയിട്ടും എസ്.എസ്.എൽ.സി. ജയിച്ചില്ലാത്രേ…മൈ ഗോഡ്്! വിദ്യാഭ്യാസവകുപ്പ് അറിയേണ്ട, മുൻകാലപ്രാബല്യത്തോടെ ജയിപ്പിക്കുമെന്നു മാത്രമല്ല, 40 തവണ പാസാക്കുകയും ചെയ്യും.)ഫിലിപ്പും അയാളുടെ രണ്ട് അമ്മമാരും(അതൊരു സസ്‌പെൻസാണ്) ഇവർക്കിടയിലെ ഒരു വില്ലൻ കറിയാച്ചനും പിന്നെ നായകനോട് ഉടക്കാനുള്ള നായികയും ഒക്കെച്ചേർന്ന് ഒരു ദോശപുട്ട് ഇഡ്ഡലിയാണു സംഭവം. ഒരു സാദാ മലയാള കുടുംബപ്രതികാര സിനിമ. ചെത്തിമറ്റത്ത് എന്ന വിളിക്കുന്ന ആലപ്പുഴയിലെ ഒരു ക്രിസ്ത്യൻ തറവാടാണ് സിനിമയുടെ പശ്ചാത്തലം. അവിടുത്തെ രണ്ടുസ്ത്രീകൾ (രോഹിണിയും, സീമയും) എന്തോ ഫഌഷ്ബാക്ക് ഓർത്ത് ഇടയ്ക്കിടെ ഞെട്ടുന്നു. കറിയാച്ചൻ ( ഹരീഷ് പേരടി) എന്നുപേരുള്ള ഇവരുടെ എതിരാളിയായ ബിസിനിസുകാരൻ ഈ ഞെട്ടലിന്റെ പേരിൽ ഇവരെ ബ്ലാക്‌മെയിൽ ചെയ്യുന്നു. അതിനിടയ്ക്ക് ഇംഗ്‌ളീഷുകേട്ടാൽ ആരാധന തോന്നുന്ന സി.പി., ആലീസ് (ഹണിറോസ്) എന്ന ഇംഗ്‌ളീഷ് അറിയാവുന്ന പെൺകുട്ടിയെ തന്റെ കോളജിൽ പി.ആർ.ഒ. ആക്കുന്നു. കൊട്ടാരംവീട്ടിലെ അപ്പൂട്ടനിലും നാടൻപെണ്ണും പോലുള്ള രാജസേനൻ സിനിമകളിൽ കണ്ടിട്ടുള്ളപോലെ വിദ്യാഭ്യാസവും വിവരവുമില്ലാത്ത നായകനെ നായിക നേർവഴിക്കാക്കാൻ നോക്കി ഒരുവഴിക്കാക്കുന്നതാണു പിന്നീടുള്ള കാഴ്ച. നായകനായിക സംഘർഷത്തിൽനിന്നു ട്രാക്ക് മാറി സി.പിയുടെ യഥാർഥഭൂതകാലത്തിലേക്കു പോകുന്നതാണു പിന്നീടുള്ള ഭാഗങ്ങൾ.
ആദ്യ അരമണിക്കൂർ തട്ടുപൊളിപ്പൻ ജയറാമിയൻ പടങ്ങളുടെ മൂഡിലാണു പോകുന്നത്. ഈ തുടക്കവും അതിനൊപ്പമുള്ള വികൃതമായ വിവരണങ്ങളും ഒഴിവാക്കിയിരുന്നെങ്കിൽ സിനിമ തീർച്ചയായും കുറച്ചു മെച്ചപ്പെടുമായിരുന്നു. തിടുക്കപ്പെട്ടു പറഞ്ഞുതീർക്കുന്നുണ്ടെങ്കിലും രണ്ടാംപകുതി തരക്കേടില്ലാത്തതാണ്. പ്രത്യേകിച്ച് സി.പിയുടെ അമ്മമാരുടെ ഭൂതകാലം പറയുന്ന രംഗങ്ങൾ മികച്ചനിലയിൽ, തീവ്രതയോടെ അവതരിപ്പിച്ചിട്ടുണ്ട്.ഏറ്റവും വലിയ ആശ്വാസം ജയറാമിന്റെ പ്രകടനമാണ്. കഴിഞ്ഞ കുറേ സിനിമകളായി കാലഹരണപ്പെട്ട മിമിക്രി വേഷങ്ങളായിരുന്നു ജയറാമിന്റെ സിനിമകളെ ഭരിച്ചിരുന്നതെങ്കിൽ സി.പി. എന്ന പതിവുവേഷം അതർഹിക്കുന്ന മാന്യതയോടെ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. പതിവു ഞെട്ടലില്ല, സഹതാരത്തെ അപഹസിക്കുന്ന അശഌലമില്ല, നടൻ കഥാപാത്രമായിത്തന്നെ സിനിമയിൽ നിൽക്കുന്നു. ഹണിറോസ് പതിവുപോലെ ഹണിറോസായി. തന്നെ ദ്രോഹിക്കുന്ന വിവരദോഷിയായ നായകനോടു വിദ്വേഷമാണെങ്കിലും പ്രത്യേകിച്ചു പ്രകോപനം ഒന്നുംകൂടാതെ പ്രണയിക്കാൻ നിർബന്ധിതയാകുന്ന നായികയായി ഹണി റോസിന് ഒന്നും ചെയ്യാനുമില്ല.
സീനിയർ നടിമാരായ രോഹിണിയും സീമയും തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കിയിട്ടുണ്ട്. ഹരീഷ് പേരടി, വിജയരാഘവൻ, സുധീർ കരമന എന്നിവരാണു മറ്റുശ്രദ്ധേയവേഷങ്ങൾ ചെയ്യുന്നത്.രജപുത്രൻ എന്ന സുരേഷ്‌ഗോപി സിനിമയിലൂടെ 18 വർഷം മുമ്പ് സ്വതന്ത്രസംവിധായകനായതാണ് ഷാജൂൺ കര്യാൽ. ഗൗരവതരമായി സിനിമകളെ സമീപിക്കുന്ന ശൈലി ഷാജൂണിന്റെ സംവിധാനത്തിലുണ്ടെങ്കിലും കാഴ്ചക്കാരനോടു മികച്ച രീതിയിൽ സംവദിക്കാൻ പറ്റിയ സ്‌ക്രിപ്റ്റ് ഇദ്ദേഹത്തിന്റെ ഇതുവരെയുള്ള ഒരുചിത്രത്തിനുപോലുമുണ്ടായി എന്നുതോന്നിയിട്ടില്ല. കുഴഞ്ഞുമറിഞ്ഞ തിരക്കഥകൾ എഴുതുന്ന എസ്. സുരേഷ്ബാബുവാണ് ഇക്കുറി കൂട്ട്. ആവർത്തനവിരസവും ദുർബലവുമായ പ്ലോട്ടിലാണു തിരക്കഥയൊരുക്കിയിരിക്കുന്നതും. ചില നല്ല മുഹൂർത്തങ്ങളൊഴിച്ചാൽ എന്താണു പറയേണ്ടത് എന്നു വ്യക്തമായ ധാരണയില്ലാത്തതാണു സി.പിയുടെ സ്‌ക്രിപ്റ്റ്. പറയാൻ ഉദ്ദേശിച്ച രീതിയിലല്ല സിനിമ പൂർത്തിയാക്കിയത് എന്നുതോന്നിപ്പിക്കുന്ന തരത്തിൽ പലപല മിസിംഗുകളുണ്ട് അവതരണത്തിൽ. തുടക്കം ഒരു പാരലൽ കോളജ് നടത്തിപ്പിലെ തട്ടിപ്പുകളും പ്രശ്‌നങ്ങളുമാണ്, പിന്നെയതു വിദ്യാഭ്യാസമുള്ള നായികയും അതില്ലാത്ത നായകനും തമ്മിലുള്ളതാകും, അതിനിടയ്ക്കു വള്ളം കളി വരും, പിന്നെ കുടിപ്പകയും പ്രതികാരവുമാകും. അതാണു പറഞ്ഞത് ദോശയാണോ പുട്ടാണോ ഇഡ്ഡലിയാണോ എന്നു തിരിച്ചറിയാനാവാത്ത ദോശ പുട്ട് ഇഡ്ഡലിയാണ് സി.പി. എന്ന്. കുട്ടനാടിനെ ഒരിക്കൽകൂടി മനോഹരമാക്കി വെള്ളിത്തിരയിൽ കാണിക്കാൻ അഴഗപ്പന്റെ കാമറയ്ക്കു കഴിഞ്ഞിട്ടുണ്ട്. പതിവും പാട്ടും ഡാൻസും നടത്തി വെറുപ്പിച്ചിട്ടില്ല. ഒറ്റപ്പാട്ടേയുള്ള സിനിമയിൽ..ഇങ്ങനെ മറ്റുചില ഗുണങ്ങൾ കൂടിയുണ്ട് എന്നു പറയേണ്ടതുണ്ട്.
അവസാനവാക്ക്: ഇത്തരം സിനിമകൾ മുമ്പ് ഇറങ്ങിയിട്ടില്ലായിരുന്നുവെങ്കിൽ കണ്ടിരിക്കാമായിരുന്നു. മറ്റ് സാധ്യതകളില്ലെങ്കിൽ സമയം മെനക്കെടുത്താം.

0 comments: