lailaa o lailaa review
സലാം കാശ്മീർ, ലോക്പാൽ, അവതാരം എന്നീ മലയാളസിനിമാ’അത്ഭുതങ്ങൾ’ക്കുശേഷം സൂപ്പർമെഗാജിഗാ സംവിധായകൻ ജോഷീയൊരുക്കുന്ന ചാരക്കഥയിലൊരു പ്രേമക്കഥയാണ് ‘ലൈല ഓ ലൈല’.ആദ്യപകുതി ഇക്കിളിയാണ്. ബാക്കി പകുതി വെകിളിയും. രണ്ടുകൂടി കൂട്ടിയാൽ 168 മിനിട്ടുണ്ട്. അതായത് രണ്ടേമുക്കാൽ മണിക്കൂറിനുമുകളിൽ. ഇത്രയും നേരം ഗോപിസുന്ദർ ആശാന്റെ ഡോൾബി അറ്റ്‌മോസ് തായമ്പകയാണു തിയറ്ററിനുള്ളിൽ മുറുകുന്നത്. ഇതുകേട്ടു ചെവി അടിച്ചുപോകാത്തവർക്കു സ്‌ത്രോത്രംപറഞ്ഞുകൊണ്ട് സിനിമയെ ഒറ്റവാക്കിൽ നിരൂപിക്കാംചവർ.
ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിന്റെ ലോകഹിറ്റ് ട്രൂ ലൈസ് സ്‌പെഷൽ ഏജന്റുമാരുടെ ജീവിതം രസകരമായി പറഞ്ഞ ക്ലാസിക് വാണിജ്യസിനിമയാണ്. അതിന്റെയൊരു വികലാനുകരണമായി വരും നമ്മുടെ ലൈല. നമ്മുടെ നായകൻ ജയ്‌മോഹൻ( മോഹൻലാൽ)ഏജന്റാണ്(എൽ.ഐ.സി. ഏജന്റാണോ എന്നു ഭാര്യ അഞ്ജലി( അമലാ പോൾ) ചോദിക്കുന്നുണ്ട്.)
ട്രൂലൈസിലെ അർണോൾഡ് ഷ്വാസ്‌നൈഗറെപ്പോലെ ജോലിയും വിശദാംശങ്ങളും ഭാര്യയോടു പോലും പറയാനാവാതെ വീർപ്പുമുട്ടുന്ന ഒരു പാവം തീവ്രവാദവേട്ടക്കാരനാണു നമ്മുടെ ചേട്ടൻ. വേട്ടകാരണം ഒരു ഭാര്യ(രമ്യ നമ്പീശൻ) പിണങ്ങിപ്പോയി. തീവ്രവാദിയെപ്പിടിക്കാൻ പോയതുകൊണ്ടു രണ്ടാം കല്യാണത്തിനു സമയത്തെത്താൻ പോലും കഴിയുന്നില്ല.
അങ്ങനെ കഷ്ടപ്പെട്ടു രാജ്യത്തെ സേവിച്ചുകൊണ്ടിരിക്കുന്ന ജയ്‌മോഹൻ ബി.എം.ഡബ്ല്യൂ കാറിലാണു സഞ്ചരിക്കുന്നത്. ഡിക്കി തുറന്നുനോക്കിയാൽ ഞെട്ടിപ്പോകും. പിസ്റ്റളും സ്‌റ്റെൻഗണ്ണുകളും ഇങ്ങനെ അടുക്കിവച്ചിരിക്കുകയാണ്. ഒരു എക്‌സ്‌പോർട്ട് സ്ഥാപനമാണ് ഈ സ്‌പെഷൽ ഏജന്റ് കളിക്കുള്ള മറ. അതിനകത്തു കുറേ എൽ.ഇ.ഡി. ടിവികൾ ഇങ്ങനെ നിരത്തിവച്ചിട്ടുണ്ട്. (ചുമ്മാതെ ഒരു ഹോളിവുഡ് ആംബിയൻസൊക്കെ വേണ്ടെന്നേ..)ഷാഹിദ് കപൂർ(സത്യരാജ്) എന്ന തമിഴൻ ബോസാണ് ഇന്റലിജന്റ് ഏജൻസിയുടെ തലവൻ. സ്വന്തം കല്യാണത്തിനുപോലും സമയത്തിനു പോകാതെ നമ്മുടെ ഏജന്റ് പിടിച്ചുകൊണ്ടുവരുന്ന കൊടുംകുറ്റവാളി റാണയെ(രാഹുൽബോസ്) പാർപ്പിച്ചിരിക്കുന്നത് ബംഗളുരു നഗരത്തിന് നടുക്കുള്ള ഈ എക്‌സ്‌പോർട്ടിംഗ് ഓഫീസിലാണ്. ഈ റാണയുടെ ഉദ്ദേശമെന്താണെന്ന് അറിയാൻ വേണ്ടി ചോദ്യം ചെയ്യലാണ് ജയ്‌മോഹന്റെ പരിപാടി. അതിനിടയ്ക്കു ഭാര്യ പച്ചക്കറി വാങ്ങാൻ പറയും, ഡിന്നറിനെന്താ വേണ്ടത് എന്നുചോദിക്കും, വൈകിട്ടുവീട്ടിലെത്തുമ്പോൾ കോട്ട് മണത്തുനോക്കി ലേഡീസ് പെർഫ്യൂം കണ്ടുപിടിച്ച് ചോദ്യം ചെയ്യും. എന്തെല്ലാം കഷ്ടപ്പാടാണ് ഈ ഏജന്റുമാർക്ക്. സിനിമയുടെ ആദ്യഒന്നരമണിക്കൂർ ഇങ്ങനെയാണു പോകുന്നത്. ഇത്രയും കഥ പറഞ്ഞിട്ടും ലൈല ആരാണെന്നു മനസിലായില്ലല്ലോ. അതാണു ലൈല.
ഡെന്നീസ് ജോസഫും ലോഹിതദാസും പത്മരാജനും രൺജിപണിക്കറും രഞ്ജൻ പ്രമോദും മുതൽ സച്ചി സേതു വരെ നീണ്ടുനിൽക്കുന്ന തിരക്കഥാകൃത്തുക്കളുടെ വിവിധ തലമുറകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ഇന്നു മലയാള വാണിജ്യസിനിമയിലെ ഏറ്റവും അനുഭവസമ്പത്തേറിയ(?) സംവിധായകൻ ജോഷി. നല്ല രചയിതാക്കളുടെ കൂടെ നല്ല എന്റർടെയ്‌നറുകൾ സൃഷ്ടിച്ചിട്ടുമുണ്ട് ജോഷി. എന്നാൽ കഴിഞ്ഞകുറേ തവണകളായി ജോഷി സിനിമകൾ മനുഷ്യന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നവ മാത്രമല്ല, ബോറടിപ്പിച്ചു കൊല്ലുന്നവയുമാണ്. ഉദയ്കൃഷ്ണസിബി കെ. തോമസ്, സച്ചിസേതു ജോഡികളുടെ തിരക്കഥയുമായി ജോഷിയൊരുക്കിയ സിനിമകൾ സാങ്കേതികമികവിനപ്പുറം ഒന്നുമല്ലാത്ത നാലാം കിട ഉൽപന്നങ്ങളാണ്. ‘റൺ ബേബി റൺ’ തരക്കേടില്ലാത്ത എന്റർടെയ്‌നറായിരുന്നു എന്നതു മറക്കുന്നില്ല.
എന്നാൽ പ്രേക്ഷകനോടുള്ള വെട്ടറൻ സംവിധായകന്റെ കാഴ്ചപ്പാട് ‘സൈന്യം’ ഇറങ്ങിയ 1994ൽനിന്ന് ഒട്ടും മുന്നോട്ടുപോയിട്ടില്ല. (സൈനികപ്രോജക്ടിന്റെ ഗവേഷണം നടക്കുമ്പോൾ വഴിയേ കാണുന്ന പെൺകുട്ടിയെ ക്വാർട്ടേഴ്‌സിൽ ഒളിപ്പിച്ചുതാമസിപ്പിക്കുന്ന പട്ടാള ഓഫീസറുടെ ത്യാഗോജ്ജ്വലകഥയാണല്ലോ സൈന്യം. കാഴ്ക്കാർക്ക് ഇന്നും അതേ ബുദ്ധിയാണെന്നാവും ജോഷിയാശാൻ ധരിച്ചുവച്ചിരിക്കുന്നത്.)
കഹാനി പോലുള്ള ബോളിവുഡ് സിനിമകൾക്കു തിരക്കഥയെഴുതിയ മലയാളി സുരേഷ് നായരാണു ലൈലാ ഓ ലൈലയുടെ രചന. സത്യം പറയണമല്ലോ, ഉദയ്കൃഷ്ണയുംസിബി കെ. തോമസും സച്ചിസേതുവും കൂടി ഒന്നിച്ചെഴുതിയ പോലുണ്ട്. പരാമറും പാഷാണവും കൂട്ടിക്കലർത്തിയപോലെ. ഇതൊക്കെ കാണുമ്പോഴാണ് ഉദയ്സിബി ഒക്കെ എത്ര ഉയരത്തിലായിരുന്നുവെന്നു നാം തിരിച്ചറിയുന്നത്. മാപ്പുതരിക, മഹാത്മാക്കളേ മാപ്പുതരിക.റൺ ബേബി റണ്ണിന്റെ ഹിറ്റാക്കിയ മോഹൻലാൽഅമലാപോൾ ജോഡികളുടെ കെമിസ്ട്രി ആവർത്തിക്കുമെന്നായിരുന്നല്ലോ റിലീസിനുമുമ്പുള്ള ഗിമ്മിക്കുകളൊക്കെ. കെമിസ്ട്രിയും വന്നില്ല, ഫിസിക്‌സും വന്നില്ല, കുറേ വളിച്ച ‘ബയോളജി’ മാത്രമാണു വന്നത്. ഒരു പാതിരാപ്പടം കാണുന്നപോലിരിക്കും പലരംഗങ്ങളും. ആകെയൊരു കുളിര്.മോഹൻലാലാവട്ടെ തീരെ താൽപര്യമില്ലാത്ത മട്ടിലാണ് ഈ ഇന്റലിജൻസ് കൂടിയ ഏജന്റിനെഅവതരിപ്പിച്ചിരിക്കുന്നത്. ലാലിന്റെ ശരീരഭാഷ അമ്പേ നിരാശപ്പെടുത്തുന്നു. വഷളൻ തമാശകൾ പറയാനുള്ള താളം മാത്രമേ താരത്തിനുള്ളു. നിലവാരമില്ലാത്ത സംഭാഷണങ്ങൾ കൂടിയായപ്പോൾ ലാലിന്റെ കഥാപാത്രം പണ്ടത്തെ നിഴലിലെവിടെയോ ഒളിച്ചു. മലയാളത്തിൽ കുറേയൊക്കെ മെച്ചപ്പെട്ട വേഷങ്ങൾ ലഭിച്ചിട്ടുള്ള നടിയാണ് അമലാപോൾ.റൺ ബേബി റണ്ണിൽ അവരുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. എന്നാൽ ഇതുവെറും വേഷംകെട്ടായിപ്പോയി. ഭർത്താവു ജോലിക്കുപോകുമ്പോൾ ഷർട്ട് ഇസ്തിരിയിട്ടുകൊടുക്കണമെന്നും ഭക്ഷണം പാചകം ചെയ്തുകൊടുക്കണമെന്നും മാത്രം ആഗ്രഹിച്ചുജീവിക്കുന്ന ഒരു പാവം പണക്കാരിയാണു അമല അവതരിപ്പിക്കുന്ന അഞ്ജലി. സീരിയലുകളിൽ മാത്രം കാണുന്ന അപൂർവജീവിയാണ്.
ഒരു സംശയം, ഈ സുരേഷ് നായർ ശരിക്കും മലയാളി തന്നെയാണോ?. ) നായികയുടെ അച്ഛൻ പതിവുപോലെ ജോയ്മാത്യൂവാണ്. അങ്ങേര് ഈ വേഷത്തിലേ അഭിനയിക്കൂ എന്നുവല്ല ശപഥവുമെടുത്തിട്ടുണ്ടോ ആവോ..തമിഴ്‌നടൻ സത്യരാജിനാണു മറ്റൊരു പ്രധാനറോൾ. അടുത്തിടെയിറങ്ങിയ ഹിന്ദിചിത്രം ‘ബേബി’യിൽ ഡാനി ഡെൻസൊങ്പാ ചെയ്തതുപോലൊരു വേഷമാണ് സത്യരാജിന്. പക്ഷേ വെറും കോമാളിക്കൂത്തായി. മുംബൈ ഭീകാരാക്രമണത്തിനുശേഷമുള്ള അണ്ടർകവർ തീവ്രവാദവേട്ടയുടെ കഥ പറയുന്ന സിനിമയാണ് നീരജ് പാണ്ഡേയുടെ ബേബി. ലൈലാ ഓ ലൈലയും അതേപാതയിലാണ്. അവിശ്വസനീയതകളേറെയുണ്ടെങ്കിലും ജോഷി ആ സിനിമകളൊക്കെ ഒന്നു കാണുന്നത് നല്ലതായിരിക്കാം. അല്ലെങ്കിൽ തീവ്രവാദ കോമഡി കണ്ടു ജനത്തിന്റെ സമനില തെറ്റും. പാക് ഭീകരരെക്കുറിച്ച് സലാംകാശ്മീർ എന്നൊരു രാജ്യാന്തരസിനിമയൊരുക്കി ജോഷിസാർ കഴിഞ്ഞവർഷം ഒന്നുകോരിത്തരിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ലൈല എന്നുവേണമെങ്കിൽ പറയാം. ക്ലീഷേകളുടെ പൂരപ്പറമ്പാണു ലൈല ഓ ലൈല. (ഇനി ക്ലീഷേകളെ കളിയാക്കിയ ചിറകൊടിഞ്ഞ കിനാക്കളെ പരിഹസിച്ച റിവേഴ്‌സ് സ്പൂഫ് എങ്ങാനുമാണോ സംഭവമെന്നറിയില്ല) പതിവുപോലെ വില്ലന്റെ മെയിലിന്റെ പാസ്‌വേഡ് നായകൻ കണ്ടെത്തും. ക്ലൈമാക്‌സിൽ നായികയെ ബന്ധിപ്പിച്ച ബോംബിന്റെ വയർ കൃത്യമായി മുറിക്കും.(അല്ലെങ്കിലും ലാലേട്ടൻ ബോംബിന്റെ വയറു മുറിക്കാൻ മിടുക്കനാണ് എന്ന് ആർക്കാണ് അറിയാത്തത്, വന്ദനത്തിൽ തുടങ്ങിയതാണു ലാലേട്ടന്റെ ബോംബ് ഡിഫ്യൂസിംഗ്, ലാലേട്ടൻ വയർ മുറിക്കുന്നതുകണ്ട് അമലാപോൾ അല്ലാതെ ആരെങ്കിലും ടെൻഷനടിക്കുമോ)വില്ലനാകട്ടെ സിനിമയിലെ നിയമങ്ങളെല്ലാം പാലിക്കുന്ന പാവമാണ്. നായകനെ വെടിവയ്ക്കുന്നതിനുമുമ്പു അനങ്ങരുതെന്നു പറയും. ആ സമയം നോക്കി നായകൻ വെടിവയ്ക്കും. ക്ലൈമാക്‌സിനു ഗോഡൗൺ കിട്ടാഞ്ഞിട്ടാണോ എന്നറിയില്ല, ഗോഡൗൺ പോലെ തോന്നിക്കുന്ന ബംഗളുരുവിലെ ഇൻഡ്ട്രിയൽ എരിയ ആണ് ഇക്കുറി ക്ലൈമാക്‌സ് വേദി. പേനാക്കത്തി മുതൽ റോക്കറ്റ് ലോഞ്ചർവരെയുള്ള ആയുധങ്ങൾ വച്ചുപേടിപ്പിക്കുന്നുണ്ടെങ്കിലും ക്ലൈമാക്‌സ് ചടുലമാണ്്. ലോകനാഥന്റെ കാമറയും കലക്കി. ഗാനങ്ങൾ കൂടിയൊരുക്കിയ ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതത്തെക്കുറിച്ചു പറയേണ്ടതില്ല, കർണകഠോരം. ഏറ്റവും അസഹനീയം സിനിമയുടെ ദൈർഘ്യമാണ്. രണ്ടേമുക്കാൽ മണിക്കൂർ. നിസംശയം വെട്ടിക്കളയാവുന്ന മുക്കാൽമണിക്കൂർ സിനിമയിലുണ്ട്. സിനിമ അൽപമെങ്കിലും എൻഗേജ് ചെയ്യിക്കുന്നത് ഇന്റർവെല്ലിനു മുമ്പും ക്ലൈമാക്‌സിലും മാത്രമാണ്. ആക്ഷൻ രംഗങ്ങൾ മികവോടെ ചെയ്തിട്ടുണ്ട്.
കുറ്റാന്വേഷണകുടുംബകഥ എന്ന പുതിയ ഫോർമുല സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ഇഴഞ്ഞുനീങ്ങുന്ന രംഗങ്ങളാണ് സിനിമയെ ഒരു പീഡാനുഭവമാക്കുന്നത്. ട്വിസ്‌റ്റൊന്നും കാണിച്ചു ഞെട്ടിക്കാൻ ശ്രമിക്കുന്നില്ല, അത്രയും ആശ്വാസം. ടൈറ്റിൽ കഥാപാത്രമായ ലൈലയെക്കുറിച്ച് ഒരുവാക്ക്. വില്ലന്റെ കാമുകിയാണ് ലൈല. ലൈലയായി എത്തുന്ന ബോളിവുഡ് നടി കൈനത്ത് അറോറ ഇക്കിളി പടത്തിൽ കാണുന്ന മാതിരി സീൽക്കാരങ്ങളുമൊക്കെയായി ആകെയങ്ങ് വഷളാക്കിയിട്ടുണ്ട്.ഐസ്‌കട്ടയിൽ പെയിന്റടിച്ചതുപോലെങ്കിലും സാങ്കേതികമികവു പതിവുപോലെ ജോഷിചിത്രങ്ങളുടെ നിലവാരം പുലർത്തിയിട്ടുണ്ട്.
അവസാനവാക്ക്: ജോഷി വീണ്ടും ചതിച്ചാശാനേ!
Critic Rating :
www.cinevisions.com
0 comments: