പ്രേമം : നിരൂപണം

ഒരിക്കെലെങ്കിലും പ്രണയിക്കുകയോ, പ്രണയത്തിലായിരിക്കുന്നതോ ആയ ഒരാളാണോ നിങ്ങൾ? എങ്കിൽ ഈ സിനിമ നിങ്ങളിലേക്ക് ഇറങ്ങിവരും, തീർച്ച!. മൂന്ന് കാലഘട്ടങ്ങളുടെ പ്രണയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം നന്നായി തുടങ്ങി ഇടയ്ക്ക് ചെറുതായി ഇഴഞ്ഞ് നന്നായി തന്നെ അവസാനിക്കുന്നു.
നമ്മളെല്ലാം ഓർക്കാൻ ഇഷ്ടപ്പെടുന്ന സ്‌കൂൾ, കോളജ് കാലഘട്ടങ്ങളുടെ ഫ്രെയിമുകളിലൂടെയാണ് സിനിമയുടെ തുടക്കം. എസ്എംഎസും വാട്ട്‌സാപ്പുമൊക്കെ വരുന്നതിന് മുൻപ് നമ്മൾ ഇറക്കിയിരുന്ന ആദ്യ നമ്പറുകൾ…പ്രണയലേഖനം, ടെലിഫോൺ ബൂത്തിലെ ഫോൺ വിളി, സൈക്കിളിലുള്ള പുറകെ നടത്തം, കൊളേജ് റാഗിങ് ഇതെല്ലാം ഉൾപ്പെട്ട ആ നൊസ്റ്റാൾജിക് പ്രണയകാലം.
നിവിൻ പോളി അവതരിപ്പിക്കുന്ന ജോർജ് എന്ന കഥാപാത്രത്തിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. മേരി, മലർ, സെലിൻ ഈ മൂന്ന് പേരോടും ജോർജിന് പ്രണയമാണ് സോറി പ്രേമമാണ് ! പന്ത്രണ്ടാം ക്‌ളാസിൽവച്ചാണ് മേരിയോടുള്ള ജോർജിന്റെ പ്രേമം ആരംഭിക്കുന്നത്. ആദ്യ പ്രേമം അതിഗംഭീരമായി പരാജയപ്പെട്ട ശേഷം ജോർജ് പിന്നീട് കൊളേജ് ജീവിതത്തിലേക്ക് കടക്കുന്നു. അവിടെ അവനെ പ്രേമം മാടിവിളിക്കുന്നത് മലർ എന്ന അധ്യാപികയുടെ രൂപത്തിൽ. ആ പ്രേമം പൂവണിയുമോ? പിന്നെ എങ്ങനെയാണ് സെലിൻ ജോർജിന്റെ ജീവിതത്തിലെത്തുന്നത്. ഇതിനൊക്കെയുള്ള ഉത്തരമാണ് അൽഫോൻസ് പുത്രൻ പ്രേമത്തിലൂടെ പറയുന്നത്.
ജോർജായെത്തിയ നിവിൻ പോളി തന്റെ പതിവു തെറ്റിച്ചില്ല. മൂന്ന് കാലഘട്ടങ്ങളിലും അദ്ദേഹം മികച്ചു നിന്നു. കോളജ് കാലത്തെ മാസ് രംഗങ്ങളിലൊക്കെ നിവിൻ പൊളിച്ചു.ജോർജിന്റെ അടുത്ത കൂട്ടുകാരയ കോയയും, ശംഭുവുമാണ് ചിത്രത്തിൽ തിളങ്ങി നിൽക്കുന്ന മറ്റുരണ്ട് താരങ്ങൾ. ശംഭുവിനെ അവതരിപ്പിച്ചിരിക്കുന്നത് ശബരീഷ് വർമയാണ് ചിത്രത്തിൽ പാട്ടെഴുതിയും പാട്ടു പാടിയും അഭിനയിച്ചും ശബരീഷ് വരവറിയിച്ചു. നേരത്തിലെ പിസ്ത എന്ന ഗാനം എഴുതിയതും ആലപിച്ചതും ശബരീഷ് തന്നെയാണ്. കോരയെ അവതരിപ്പിച്ചിരിക്കുന്നത് നേരത്തിലെ മാണിക്കും.
premam1
പതിനേഴ് പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മേരി ജോർജ് ആയി എത്തിയ അനുപമ പരമേശ്വരൻ തന്റെ വേഷം ഭംഗിയാക്കി. മലർ എന്ന തമിഴ് പെൺകൊടിയായി സായി പല്ലവിയും മികച്ചുനിന്നു. ഒരേ ഒരു രംഗത്തിൽ മാത്രമാണ് എത്തുന്നതെങ്കിലും ഡേവിഡ് ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജി പണിക്കർ കൈയ്യടി നേടി. അധ്യാപകരായി എത്തിയ വിനയ് ഫോർട്ടും സൌബിൻ താഹിറും ചിരിപ്പിക്കും. നേരം ടീമിലെ മിക്ക അംഗങ്ങളെയും ചിത്രത്തിൽ ഉൾപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഡാൻസ് മാസ്റ്റർ ആയി എത്തിയ ജൂഡ് ആന്റണിയും അഭിനയ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല.
ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം പ്രേമത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. പറന്നുനടക്കാൻ പറ്റാത്ത പൂക്കളാണ് പൂമ്പാറ്റകളായി മാറുന്നതെന്ന് സിനിമ അവസാനിക്കുമ്പോൾ എഴുതി കാണിക്കുന്നുണ്ട്. സിനിമയിലുടനീളമുള്ള ഫ്രെയിമുകളിൽ പൂമ്പാറ്റകൾ വന്നുപോകുന്നതും അതിമനോഹരം. രാജേഷ് മുരുകേശ്വരൻ സംഗീതം പകർന്ന ആറുഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ദൃശ്യഭംഗി കൊണ്ടും സംഗീതം കൊണ്ടും ആലുവാപുഴയുടെ തീരം എന്ന ഗാനം കൂടുതൽ മനോഹരമായി തോന്നി. പശ്ചാത്തലസംഗീതവും സിനിമയോട് ഇഴചേർന്ന് നിൽക്കുന്നു.
സാങ്കേതികപരമായി ചിത്രം ഒരുപിടി മുന്നിൽ നിൽക്കുന്നു. കളർടോൺ, സിങ്ക്‌സൗണ്ട് , എഡിറ്റിങ് ഇതെല്ലാം സിനിമയുടെ മുതൽക്കൂട്ടാണ്. ഒരു ട്രെയിലറോ ടീസറോ ഇല്ലാതെ പുറത്തിറങ്ങിയ ചിത്രം പൂർണമായും ഒരു അൽഫോൻസ് പുത്രൻ ചിത്രമെന്ന് പറയേണ്ടി വരും. സംവിധാനത്തിന് പുറമെ കഥ, തിരക്കഥ, ചിത്രസംയോജനം ഇവയെല്ലാം നിർവഹിച്ചിരിക്കുന്നതും അൽഫോൻസ് തന്നെ.
premam
ആദ്യ ചിത്രമായ നേരത്തിൽ വ്യത്യസ്തമായൊരു മേക്കിങ് ആണ് പ്രേമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നേരത്തിൽ ചെറിയൊരു കഥാതന്തുവിനെ വളരെ ചുരുക്കി വേഗത്തിൽ അണിയിച്ചൊരുക്കിയെങ്കിൽ ഈ സിനിമയിൽ ആ വേഗത കാണാനാകില്ല. 2 മണിക്കൂർ 45 മിനിറ്റാണ് പ്രേമത്തിന്റെ ദൈർഘ്യം. ഇത്ര നീളത്തിൽ പറഞ്ഞു ഫലിപ്പിക്കേണ്ടതായ കാര്യങ്ങൾ ചിത്രത്തിൽ ഇല്ലായിരുന്നു. ആദ്യ പകുതി പ്രേക്ഷകരെ കൈയ്യിലെടുത്ത് മുന്നോട്ട് പോയപ്പോൾ രണ്ടാം പകുതി കുറച്ച് ഇഴഞ്ഞുനീങ്ങി. ഇവിടെ പോരായ്മയായി മാറിയതും ദൈർഘ്യം തന്നെയാണ്. കഥയില്ലായ്മയുണ്ടെങ്കിലും ‘പ്രേമം’ തലയ്ക്ക് പിടിച്ചാൽ പിന്നെ അതൊന്നും ആരും ശ്രദ്ധിക്കില്ലല്ലോ.
പ്രേമിക്കുന്നവർക്കും പ്രേമിക്കാനാഗ്രഹിക്കുന്നവർക്കും പ്രേമിച്ച് കഴിഞ്ഞവർക്കും പ്രേമം ധൈര്യമായി കാണാം. ചെറുപ്പക്കാർക്ക് പഴയ ഓർമകൾ അയവിറക്കാം, വളരുന്ന തലമുറയ്ക്ക് ഓൾഡ് ജനറേഷൻ നമ്പറുകൾ കണ്ട് പഠിക്കാം. ചുരുക്കത്തിൽ എല്ലാവർക്കുമല്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും ‘പ്രേമത്തെ’ പ്രേമിക്കാനാകും.

0 comments: